ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത്. 25.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ വാര്‍ഡുകളുടെ എണ്ണം 14 ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകള്‍ വിഭജിച്ച് 30-9-1970 ആണ് ചിറ്റാര്‍ പഞ്ചായത്ത് രൂപീകരിച്ചത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് വി.എസ്.നാണു ആയിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടു മുതല്‍ എ.ഡി. 13-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടംവരെ നിലനിന്നിരുന്ന നിലയ്ക്കല്‍ പട്ടണത്തിന്റെ പ്രാന്തപ്രദേശമായിരുന്നു ചിറ്റാര്‍. ചിറ്റാര്‍ പഞ്ചായത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ മുക്കാല്‍ ഭാഗവും ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളും കുത്തനെയുള്ള ചരിവുപ്രദേശങ്ങളുമാണ്. ആകെയുള്ള വിസ്ത്യതിയുടെ 56% റബ്ബര്‍ കൃഷിയാണ്. തെങ്ങ്, കുരുമുളക്, വാഴ, മരച്ചീനി, കശുമാവ് എന്നിവയാണ് മറ്റു പ്രധാന വിളകള്‍. കരിമണ്ണ്, വനമണ്ണ്, ചുവന്നമണ്ണ്, പശിമരാശി മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങള്‍. സമുദ്രനിരപ്പില്‍ നിന്നും 150 മുതല്‍ 300 വരെ അടി വരെ ഉയരമുള്ള പ്രദേശമാണ് പടേനിപ്പാറ.  തെക്കേക്കര, നീലിപിലാവ്, വില്ലൂന്നിപ്പാറ, മണ്‍പിലാവ്, തേരകത്തുംമണ്ണ്, കുളങ്ങരവാലി, മീന്‍ക്കുഴി, ബഞ്ചമന്‍പാറ, ആനപ്പാറ,കുമരംകുന്ന്,കട്ടച്ചിറ തുടങ്ങിയവ ഉയര്‍ന്ന പ്രദേശങ്ങളാണ്. പഞ്ചായത്തിലൂടെ ഒഴുകുന്ന എല്ലാ തോടുകളും കക്കാട്ടാറിലാണ് ചേരുന്നത്. 1940-ല്‍ പത്തനംതിട്ട പുത്തന്‍പീടികയില്‍ പാലമൂട്ടില്‍ കത്തനാര്‍ കൂത്താട്ടുകുളത്ത് ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് ഇപ്പോഴത്തെ ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ചിറ്റാര്‍ പഞ്ചായത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന വിളകളില്‍ 70% റബ്ബര്‍ ആണ്. മധ്യതിരുവിതാംകൂറിലെ  ആദ്യത്തെ കാര്‍ഷിക എസ്റ്റേറ്റ് (മിഡ് ലാന്റ് റബ്ബര്‍ പ്രൊഡ്യുസേഴ്സ് കമ്പനി) ബ്രിട്ടീഷുകാര്‍ ചിറ്റാറില്‍ ആണ് ആരംഭിച്ചത്.